ഒരാള്‍ക്കു പണം കൈമാറണമെങ്കില്‍ ബാങ്കില്‍ പോയി സ്ലിപ്പെഴുതി കൗണ്ടറിനു മുമ്പില്‍ ഊഴം കാത്തുനില്‍ക്കേണ്ട കാലമൊക്കെ എന്നേ കഴിഞ്ഞു. സ്വന്തം അക്കൗണ്ടിലേക്കാണു പണമിടേണ്ടതെങ്കില്‍
എടിഎം കാര്‍ഡുപയോഗിച്ച് പണം നിക്ഷേപിക്കാനുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായിക്കഴിഞ്ഞു. ഇനി മറ്റൊരു അക്കൗണ്ടിലേക്കാണു പണമിടേണ്ടതെങ്കില്‍ കാര്യം ഇതിനേക്കാള്‍ അനായാസമായി. എന്‍ഇഎഫ്ടിയും ആര്‍ടിജിഎസും വ്യാപകമായതോടെ ഓണ്‍ലൈനിലൂടെയുള്ള പണകൈമാറ്റം വര്‍ധിച്ചു. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനുകള്‍ കൂടിയെത്തിയതോടെ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടേ ഇല്ലാതായി.
ഇത്തരം സേവനങ്ങളിലൂടെയുള്ള പണക്കൈമാറ്റം പലപ്പോഴും അബദ്ധങ്ങളില്‍ ചാടാറുമുണ്ട്. തെറ്റുകളും പതിവാണ്. പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ട് നമ്പരും കൈമാറേണ്ട തുകയും തെറ്റുന്ന സംഭവങ്ങള്‍ നിരവധി. ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡ് പോലും മാറിപ്പോകാറുണ്ട്. പണം ലഭിക്കേണ്ടയാളു(ബെനഫിഷ്യറി)ടെ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുന്നതിലെ തെറ്റുകള്‍ എപ്പോഴും സംഭവിക്കാവുന്നതാണ്.
ബെനഫിഷ്യറിയുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുമ്പോള്‍ ബാങ്കുകള്‍ രണ്ടു തവണ നമ്പര്‍ നല്‍കാന്‍ പറയാറുണ്ട്. രണ്ടു നമ്പരുകളും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ അക്കാര്യം ബാങ്ക് ഓര്‍മിപ്പിക്കുകയും തെറ്റ് തിരുത്താന്‍ അവസരം നല്‍കുകയും ചെയ്യും. എന്നാല്‍ അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത ശേഷമാണ് തെറ്റ് മനസിലാകുന്നതെങ്കില്‍ അതും തിരുത്താന്‍ അവസരമുണ്ട്.
ബെനഫിഷ്യറിയെ ചേര്‍ത്തു കഴിഞ്ഞാലുള്ള മുപ്പതു മിനുട്ട് കൂളിംഗ് ടൈം എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് പണം കൈമാറുന്നയാളുടെയും പണം ലഭിക്കേണ്ടയാളുടെയും മൊബൈല്‍ ഫോണുകളിലേക്ക് ബാങ്കില്‍നിന്ന് എസ്എംഎസ് വരാറുണ്ട്. ബെനഫിഷ്യറിയെ ചേര്‍ക്കുന്ന സമയത്തുതന്നെ അവരുടെ മൊബൈല്‍ നമ്പരും നല്‍കിയിട്ടുണ്ടെങ്കില്‍ കൂളിംഗ് ടൈമില്‍ അക്കൗണ്ട് നമ്പര്‍ നല്‍കിയത് ശരിയാണെന്നുറപ്പിക്കാന്‍ കഴിയും. ഈ മുപ്പത് മിനുട്ട് സമയത്ത് യാതൊരു ഇടപാടിനും ബാങ്കുകള്‍ സമ്മതിക്കില്ല.
അക്കൗണ്ട് നമ്പര്‍ ശരിയാണെങ്കില്‍ പിന്നെ തെറ്റു പറ്റാനുള്ള മറ്റൊരു സാധ്യത തുക നല്‍കുന്നിടത്താണ്. പലപ്പോഴും ഒരു അക്കം വര്‍ധിക്കുകയോ കുറയുകയോ ചെയ്യുന്നത് പതിവാണ്. ഇതു പരിഹരിക്കാനും ബാങ്കുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അവസരം നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തുന്നതിലോ തുക രേഖപ്പെടുത്തുന്നതിലോ തെറ്റു സംഭവിച്ചാല്‍ ഉടന്‍ തന്നെ അക്കാര്യം ബാങ്കിനെ അറിയിക്കണം.
ബാങ്ക് പണക്കൈമാറ്റം നടത്തുന്നതിന് മുമ്പാണെങ്കില്‍ ഇടപാട് തടയാന്‍ കഴിയും. ഒരേ ബാങ്കില്‍ തന്നെയാണ് രണ്ട് അക്കൗണ്ടുകളുമെങ്കില്‍ ഇടപാടുകള്‍ വേഗത്തിലാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണക്കൈമാറ്റത്തില്‍ അബദ്ധം സംഭവിച്ചാല്‍ പണം ലഭിച്ചയാളുടെ ഇടപെടല്‍ കൂടി വേണ്ടിവരും. മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്ക് പണമയച്ചതില്‍ പിഴവു പറ്റിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ബാങ്കില്‍ അറിയിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാവും. ഒരേ ബാങ്കിലെ അക്കൗണ്ടുകളാണെങ്കില്‍ പണം ലഭിച്ചയാള്‍ പണം മടക്കിത്തരേണ്ടിവരും. ഇതിനായി ഈ അക്കൗണ്ട് ഉടമ തയാറായില്ലെങ്കില്‍ നിയമനടപടികള്‍ മാത്രമാണ് മാര്‍ഗം. ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ക്കു വേഗമുള്ളതും സ്ുതാര്യമായതുമായ തര്‍ക്ക പരിഹാരസംവിധാനം ഉണ്ടാകണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്. എന്നാല്‍ പല ബാങ്കുകളും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികളെടുത്തിട്ടില്ല.
No comments:
Post a Comment