അങ്ങിനെ ഒരു മാസക്കാലമായി നടന്നു വന്ന ലോക ഫുട്ബോൾ മത്സരം റഷ്യയിൽ നല്ല നിലയിൽ പര്യവസാനിച്ചു.മോസ്കോയുടെ ആകാശത്തെ നക്ഷത്രങ്ങൾ സാക്ഷി. കലാശപ്പോരിനായി സർവശക്തിയും കരുതിവെച്ച ഫ്രഞ്ച് പടയ്ക്കു മുന്നിൽ ക്രൊയേഷ്യയുടെ പോർവീര്യം എരിഞ്ഞടങ്ങി. സോവിയറ്റ് കായികപ്രതാപത്തിന്റെ പ്രതീകമായ മോസ്കോ നദീതീരത്തെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ പ്രകൃതിയുടെ ആഹ്ലാദം മഴയായി പൊഴിഞ്ഞപ്പോൾ ഫ്രാൻസ് അവരുടെ രണ്ടാം ലോകകിരീടം ഉയർത്തി. വലിയ തിടുക്കം കാണിക്കാതെ തന്ത്രങ്ങളുടെ പൂർണതയിൽ ഫ്രാൻസ് എതിരാളിയെ പിന്നിലാക്കി. പന്തു പിടിച്ചുകളിക്കാൻ അവർ മുതിർന്നതേയില്ല. പ്രതിരോധത്തിന്റെ ആഴവും പരപ്പുമായിരുന്നു ധൈര്യം. അതിരു കടക്കുന്നുവെന്നു തോന്നുന്ന ആവേശമായിരുന്നു ക്രൊയേഷ്യക്കാരുടെ നെഞ്ചിനുള്ളിലും കാലിലും. കിരീടത്തിലേക്കുള്ള അവസാനകടമ്പ പിന്നിടാൻ സമചിത്തത പ്രധാനമെന്ന് അവർ അറിഞ്ഞില്ല. ആക്രമണത്തിന് ഒരുമ്പെട്ട് ഇറങ്ങിയവർ ഉള്ളിൽ തീപ്പൊരിയൊളിപ്പിച്ച ഫ്രാൻസിന്റെ ട്രോജൻനീക്കങ്ങൾ തിരിച്ചറിഞ്ഞില്ല. ഫ്രാൻസ് കാത്തിരുന്നു. വഴിതെറ്റി ക്രോട്ടുകൾ ചിതറിയപ്പോൾ അവർ മനസ്സലിവില്ലാതെ പ്രഹരിച്ചു. ഒന്നല്ല...രണ്ടല്ല... നാലുതവണ. ആ വീഴ്ചയിൽനിന്നു തിരിച്ചുവരാൻ കെൽപ്പില്ലായിരുന്നു ക്രോട്ടുകൾക്ക്. നിരാശയിലാണ്ട പോരാളികളെയാണ് പിന്നെ കളത്തിൽ കണ്ടത്. ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ മണ്ടത്തരം വേണ്ടിവന്നു പരാജയഭാരം കുറയ്ക്കാൻ. അന്തിമവിശകലനത്തിൽ ദിദിയർ ദെഷാം എന്ന സൗമ്യനായ കൂർമബുദ്ധിക്കാരൻ അവസാനംവരെ മുറുകെപിടിച്ച ഭദ്രമായ തന്ത്രങ്ങൾ ഫ്രാൻസിനെ കിരീടത്തിൽ എത്തിച്ചു.
ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഫ്രാൻസിന്റെ നാലാംഗോൾ നേടിയ എംബാപ്പെയുടെ ആഹ്ലാദം