സി.എച്ച് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയം കുഴിമ്പാലോട്,പി.ഒ.അഞ്ചരക്കണ്ടി രജി:നമ്പർ 3507
⏬ അറിയിപ്പുകൾ
Sunday, May 13, 2018
Tuesday, May 8, 2018
Friday, May 4, 2018
Thursday, May 3, 2018
ആരോഗ്യം
വൃക്കരോഗങ്ങളെ അറിയുക
വൃക്കരോഗ ലക്ഷണങ്ങളെപ്പറ്റി ആദ്യം പറയാം. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റ് അവയവങ്ങളിലാണ് പ്രകടമാവുന്നത്. അതിനാല്‍ അതിനെക്കുറിച്ച് തികഞ്ഞ അവബോധം ഉണ്ടെങ്കില്‍ മാത്രമേ കാലേക്കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുകയുള്ളു.
1. വൃക്കരോഗത്തിന്റെ സാധാരണ ലക്ഷണമായി ശരീരത്തിലെ നീര് കണക്കാക്കുന്നു. മുഖത്തും കാലുകളിലും, വയറിലും കാണുന്ന നീര് ഇതിന്റെ മുഖ്യലക്ഷണങ്ങളാണ്. രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും നീര് അനുഭവപ്പെടുന്നു. നീര് ഒരു ലക്ഷണമാണെങ്കിലും ഇത് വൃക്കരോഗത്തിന്റെ അടയാളമായി പൂര്‍ണമായി കണക്കാക്കേണ്ട. ചില വൃക്കരോഗങ്ങളില്‍ വൃക്കയ്ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിക്കുന്നില്ല. എങ്കിലും നീര് പ്രത്യക്ഷപ്പെടാറുണ്ട്. (ഉദാ: നെഫ്രാട്ടില്‍ സിന്‍ഡ്രോം) മാത്രമല്ല എല്ലാ വൃക്കരോഗങ്ങള്‍ക്കും നീര് കാണണമെന്നുമില്ല.
2. വിശപ്പില്ലായ്മ: മാലിന്യങ്ങള്‍ ഉള്ളില്‍നിന്ന് പുറന്തള്ളപ്പെടാത്ത അവസ്ഥയില്‍ ശരീരത്തിലെ വിഷാംശം വര്‍ധിക്കുന്നു. ഇതുമൂലം മേല്‍പ്പറഞ്ഞ ലക്ഷണം കാണുന്നു.
3. രക്തസമ്മര്‍ദത്തിന്റെ അതിപ്രസരം: 30 വയസ്സില്‍ താഴെയുള്ള ഒരാളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാല്‍ വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
4. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ വിളര്‍ച്ച/തളര്‍ച്ച/ക്ഷീണം/കിതപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുന്നു.
5. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെങ്കില്‍ സംഭവിക്കുന്ന വിളര്‍ച്ച വൃക്കരോഗമായി സംശയിക്കേണ്ടതുണ്ട്.
6. നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചില്‍, ശരീരവേദന, കാലിലും കൈയിലും കടച്ചില്, അഥവാ പിടുത്തം ഇതെല്ലാം പൊതുവായി പറയുന്ന ബുദ്ധിമുട്ടുകളാണ്. വൃക്കരോഗം ബാധിച്ച കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക എന്നിവ കണ്ടുവരുന്നു. എന്നാല്‍ ഈ ലക്ഷണങ്ങളുണ്ടെങ്കിലും അത് വൃക്കരോഗ ലക്ഷണമാകണമെന്നില്ല.
7. മൂത്രത്തിന്റെ അളവ് കുറയുക, തുടരെതുടരെ മൂത്രം പോകുക, മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രച്ചൂട് മൂത്രനാളിയിലെ അണുബാദയുടെ ലക്ഷണമാണ്. മൂത്രതടസ്സം, അല്ലെങ്കില്‍ തുള്ളിതുള്ളിയായി പോവുക, തീരെ പോവാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ഇവയില്‍ ഏതിലെങ്കിലും സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് പരിശോധിച്ച് ടെസ്റ്റുകള്‍ നടത്തി സംശയം ദൂരീകരിക്കണം. രോഗം ഉണ്ടെങ്കില്‍ ചികിത്സ തുടങ്ങുകയും വേണം. മുള്ളുകൊണ്ട് എടുക്കാവുന്നത് എടുത്തില്ലെങ്കില്‍ തൂമ്പകൊണ്ട് എടുക്കേണ്ടിവരുമെന്ന് മറക്കരുത്.
2. ക്രോണിക് കിഡ്നി ഡിസീസ് സ്ഥായിയായ വൃക്കരോഗംഈ അവസ്ഥയില്‍ എത്തുന്ന രോഗിയുടെ ചികിത്സാ ചെലവ് ഭീമമാണ്. ചികിത്സിച്ചു മാറ്റാനും സാധിക്കില്ല. കൃത്യമായി രോഗപരിശോധന നടത്തി വൃക്കസ്തംഭനംവരെ എത്തുന്നതു തടയാന്‍ കഴിയും. മാനസികവും ശാരീരികവുമായ ടെന്‍ഷന്‍ ഒഴിവാക്കുകയും ചെയ്യും. ആരൊക്കെയാണ് വൃക്കപരിശോധനയ്ക്ക് വിധേയരാവേണ്ടവര്‍? വൃക്കരോഗസാധ്യത അധികവും ആര്‍ക്കാണ്? ആര്‍ക്കും വൃക്കരോഗം ഉണ്ടാകാം. എന്നാല്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ ഇവരാണ്.
1. വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉള്ള വ്യക്തി
2. പ്രമേഹരോഗി
3. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകാത്ത വ്യക്തി
4. പാരമ്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമ്മര്‍ദം ഉള്ളവര്‍
5. പുകവലി, മദ്യപാനം, അമിതവണ്ണം, 60 വയസ്സിനു മുകളിലുള്ളവര്‍
6. വേദനസംഹാരികളുടെ ദീര്‍ഘകാല ഉപയോഗമുള്ളവര്‍
7. മൂത്രനാളിയുടെ ജന്മനാ ഉള്ള വൈകല്യം
വൃക്കരോഗനിര്‍ണയ പരിശോധനകള്‍ ഏവ? 1. യൂറിന്‍ ടെസ്റ്റ്: വളരെ ചെലവുകുറഞ്ഞതും ഏറ്റവും ഫലപ്രദമായ ഒന്നുമാണ് ഇത്. മൂത്രപരിശോധനയില്‍ കാണുന്ന അപാകങ്ങള്‍ വൃക്കരോഗത്തിലേക്ക് വിരല്‍ചൂണ്ടിയേക്കാം. മൂത്രത്തില്‍ പ്രോട്ടീനിന്റെ സാന്നിധ്യം മിക്ക വൃക്കരോഗങ്ങളിലും കണ്ടുവരുന്നു. ഒരു പ്രമേഹരോഗിയില്‍ പ്രോട്ടീനിന്റെ സാന്നിധ്യം മൂത്രത്തിലുണ്ടെങ്കില്‍ അത് വൃക്കയെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ ലക്ഷണമാകാം. മൂത്രത്തില്‍ പഴുപ്പ് ഉണ്ടെങ്കില്‍ മൂത്രാശയത്തില്‍ അണുബാധ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. പ്രോട്ടീന്‍, ചുവന്ന രക്താണു, ഇവ മൂത്രത്തില്‍ ഉണ്ടെങ്കില്‍ വൃക്കവീക്കം എന്ന അസുഖത്തിന്റെ ലക്ഷണമാകാം. മൈക്രോ ആല്ബുമിനൂറിയപ്രോട്ടീന് വളരെ ചെറിയ അളവില്‍ മൂത്രത്തില്‍ ഉണ്ടാകുമ്പോള്‍ അത് പ്രമേഹം വൃക്കയെ ബാധിച്ചു എന്നതിന്റെ തെളിവാണ്. ഈ അവസ്ഥയില്‍ ശരിയായ ചികിത്സ എടുത്താല്‍ അത് വൃക്കയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റു മൂത്ര പരിശോധനകള്‍1. ആല്‍ബുമിനൂറിയ: 24 മണിക്കൂറില്‍ മൂത്രത്തില്‍ക്കൂടി പോകുന്ന പ്രോട്ടീനിന്റെ അളവ് നിര്‍ണയിക്കാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. 2. യൂറിന്‍ കള്‍ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി ടെസ്റ്റ്: 48 മുതല്‍ 72 മണിക്കൂര്‍വരെ ഈ ടെസ്റ്റിന് സമയം വേണ്ടിവന്നേക്കും. മൂത്രനാളിയില്‍ ഏതുതരം അണുബാധയാണ് എന്നു തിട്ടപ്പെടുത്താന്വേണ്ടിയാണ് ഈ ടെസ്റ്റ്. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും ഈ ടെസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ്. 3. യൂറിന്‍ ടെസ്റ്റ് ഫോര്‍ ആസിഡ് ഫാസ്റ്റ് ബാസിലി (അഎആ). മൂത്രനാളിയില്‍ ഉണ്ടാകുന്ന ട്യൂബര്‍ക്ലോസിസ് നിര്‍ണയിക്കാനുള്ള ടെസ്റ്റാണിത്. രക്തപരിശോധനയൂറിയയും ക്രിയാറ്റിനിനും വൃക്ക പുറന്തള്ളുന്ന രണ്ടു മലിനപദാര്ഥങ്ങളാണ്. രക്തത്തില്‍ ഇവയുടെ അളവ് കൂടിയാല്‍ വൃക്ക പൂര്‍ണമായും പ്രവര്‍ത്തനക്ഷമം അല്ല എന്നതിന്റെ സൂചനയാണ്. ക്രിയാറ്റിന്‍ 0.9-1.2 മില്ലി. ഗ്രാം, യൂറിയ 20-40 മില്ലി. ഗ്രാം ആണ് നോര്‍മല്‍. ഇതിക കവിഞ്ഞാല്‍ അപാകം ഉണ്ടെന്നതിന്റെ സൂചനയാണ്. ഹീമോഗ്ലോബിന്ചുവന്നരക്താണുക്കളെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൃക്ക പ്രധാന പങ്കു വഹിക്കുന്നു. ഹീമോഗ്ലോബിന്‍ കുറയുമ്പോള്‍ വിളര്‍ച്ച അനുഭവപ്പെടും. എന്നാല്‍ വിളര്‍ച്ച ഉള്ളതുകൊണ്ടു മാത്രം വൃക്കരോഗം ഉണ്ടെന്ന് അര്‍ഥമില്ല.
മറ്റു പരിശോധനകള്സോഡിയം, പൊട്ടാസിയം, ഫോസ്ഫറസ്, പ്രോട്ടീന്‍, കൊളസ്ട്രോള്‍, കാത്സ്യം, പഞ്ചസാര ഇതെല്ലാം ആവശ്യാനുസരണം പരിശോധിക്കണം. റേഡിയോളജിക്കല്‍ ടെസ്റ്റ് അള്‍ട്രാസൗണ്ട് സ്കാന്വൃക്കയുടെ വലുപ്പം, ഏതെങ്കിലും മുഴ, കല്ല്, സിസ്റ്റ് ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍സാധിക്കും. മാത്രമല്ല, മൂത്രതടസ്സം, മൂത്രനാളിയിലോ മൂത്രക്കുഴലിലോ മൂത്രസഞ്ചിയിലോ ഉണ്ടെങ്കില്‍ അതും കണ്ടെത്തുന്നു. വൃക്കരോഗികളില്‍, പ്രത്യേകിച്ചും പൂര്‍ണമായും പ്രവര്ത്തനരഹിതരുടെ വൃക്കകള്‍ സ്കാനില്‍ ചെറുതായി കാണപ്പെടുന്നു. എക്സ്റേകല്ലുകള് കണ്ടെത്താന്‍ സാധിക്കും.
ഐ വി യു ടെസ്റ്റ്: മൂത്രാശയം, നാളി, സഞ്ചി ഇവയുടെ ഘടനാപരമായ പ്രശ്നങ്ങള്‍, മൂത്രതടസ്സം, കല്ലുകള്‍ ഇവയെല്ലാം ഈ ടെസ്റ്റിലൂടെ അറിയാന്സാധിക്കുന്നു. മറ്റു റേഡിയോളജിക്കല്‍ ടെസ്റ്റ്സിടി സ്കാന്‍, ആന്‍ജിയോഗ്രഫി, ആന്റിഗ്രേഡ്/റിടോഗ്രോയ്ഡ് പൈലോഗ്രഫി. മറ്റു ടെസ്റ്റുകള്‍1. ബയോപ്സി2. സിസ്റ്റോസ്കോപ്പി3. യൂറോഡൈനാമിക്സ്വൃക്കയുടെ ബയോപ്സി, പല വൃക്കരോഗങ്ങളുടെയും കാരണം കണ്ടുപിടിക്കാന്‍ സഹായകരമായ ഒന്നാണ്. ബയോപ്സിഒരു സൂചി ഉപയോഗിച്ച് വൃക്കയിലെ ഒരു കോശം എടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാല്‍ വൃക്കരോഗത്തിന്റെ കൃത്യമായി കാരണം കണ്ടെത്താന്‍ സാധിക്കും. എപ്പോഴാണ് വൃക്ക ബയോപ്സി ആവശ്യമായി വരുന്നത്?ചില രോഗികളില്‍ മൂത്രപരിശോധനയും രക്തപരിശോധനയും കൊണ്ട് രോഗനിര്‍ണയം പൂര്‍ണമായും നടത്താന്‍ സാധിക്കില്ല. അങ്ങനെയുള്ളവരിലാണ് ബയോപ്സി നടത്തുന്നത്.
പ്രമേഹവും വൃക്കരോഗവും തമ്മിലുള്ള ബന്ധം? പ്രമേഹമാണ് വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി കണക്കാക്കപ്പെടുന്നത്. വളരെ ഉയര്‍ന്ന തോതില്‍ രക്തത്തില്‍ പഞ്ചസാര ഉള്ള ആള്‍ക്കാരില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കും. ആദ്യഘട്ടത്തില്‍ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു. ഇത് പിന്നീട് പടിപടിയായി രക്തസമ്മര്‍ദം, നീര്, വൃക്കയ്ക്ക് കേടുപാട് ഇവയെല്ലാം ഉണ്ടാക്കുന്നു. ഇത് അന്തിമഘട്ടത്തില്‍ വൃക്കസ്തംഭനം എന്ന അവസ്ഥയിലെത്തുന്നു. വൃക്കസ്തംഭനം സംഭവിക്കുന്ന 40-45% രോഗികളില്‍ അതിന് കാരണക്കാരനാകുന്നത് പ്രമേഹമാണ്.വൃക്കസ്തംഭനം ഉണ്ടാകുന്നവര്‍ക്ക് ചികിത്സാ ചെലവ് വളരെ ഭീമമായി തീരുന്നു. മുന്‍കൂട്ടിയുള്ള ശ്രദ്ധയും അറിവും ഇതു തടയാന്‍ സാധിക്കും. മാത്രമല്ല, ഡയാലിസിസ് ഘട്ടംവരെ രോഗി എത്തുന്നത് ഒരു പരിധിവരെ തടയാം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പ്രമേഹംമൂലം ഉണ്ടാകുന്ന വൃക്കരോഗം പ്രതികൂലമായി ബാധിക്കും. എപ്പോഴാണ് വൃക്കരോഗത്തിലെത്തുന്നത്?നിയന്ത്രണത്തിലാകാത്ത പ്രമേഹംനിയന്ത്രണത്തിലാകാത്ത രക്തസമ്മര്ദംപാരമ്പര്യമായി പ്രമേഹവും വൃക്കരോഗവും ഉള്ളവര്പ്രമേഹംമൂലം കണ്ണിന്റെ കാഴ്ചയ്ക്കോ ഞരമ്പുകള്‍ക്കോ തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്അമിതവണ്ണം, പുകവലിമേല്പ്പറഞ്ഞ ഘടകങ്ങള്‍ ഏതെങ്കിലും ഉള്ള ആളില്‍ പ്രമേഹ വൃക്കരോഗസാധ്യത കൂടുതലാണ്. ടൈപ്പ്-2 പ്രമേഹം, രോഗിയുടെ വൃക്കയെ ആദ്യത്തെ 10 വര്‍ഷം ആക്രമിക്കുന്നില്ല. ഉണ്ടെങ്കിലും വളരെ കുറച്ചുമാത്രം. ഈ സമയത്ത് ശ്രദ്ധിച്ചാല്‍ അത് ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തടയാം. 25 വര്‍ഷത്തിനുശേഷവും ടൈപ്പ് 2 പ്രമേഹം വൃക്കയെ ബാധിക്കുന്നില്ലെങ്കില്‍ അത് സംഭവിക്കാനുള്ള സാധ്യത കുറവാകാം. എന്നാല്‍ പൂര്‍ണമായും സാധ്യത തള്ളിക്കളയാനാവില്ല. കൃത്യമായി ഡോക്ടറെ കാണുകപ്രമേഹം നിയന്ത്രണത്തിലാക്കാന്‍ ശ്രദ്ധിക്കുക. ഒയഅകഇ<7രക്തസമ്മര്‍ദം 130/80 താഴെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദം തടയാനുള്ള മരുന്നുകളും കഴിക്കുക. അമിതമായി ഉപ്പും പഞ്ചസാരയും ഉപയോഗിക്കാതിരിക്കുക. മൂത്രപരിശോധനയും രക്തപരിശോധനയും ചെയ്ത് മൈക്രോ ആല്ബുമിനൂറിയയും ക്രിയാറ്റിനും എത്രയെന്ന് കണ്ടെത്തുക. അമിതവണ്ണം, പുകവലി, വേദനസംഹാരികള്‍, മദ്യപാനം ഇവ ഉപേക്ഷിക്കുക. ചികിത്സപ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദം മരുന്നുകൊണ്ട് നിയന്ത്രിക്കുക. വൃക്കരോഗത്തെ ഒരുപരിധിവരെ ഇത് തടുക്കും. പ്രമേഹരോഗിയില്‍ മൈക്രോ ആല്‍ബുമിനൂറിയ കാണുമ്പോള്‍തന്നെ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുക.ഉപ്പും വെള്ളവും കുറച്ച് നീര് കുറയാന്‍ ഡയൂററ്റിക്സ് നല്കുന്നു.മരുന്ന് ആവശ്യാനുസരണം മാറ്റുക. പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയുടെ തോത് പെട്ടെന്ന് കുറയുന്ന ഒരു പ്രവണതയുണ്ട്. അതിന് ഡോക്ടറെ സമീപിച്ച് ആവശ്യമായ മാറ്റങ്ങള്‍ മരുന്നിലും ഭക്ഷണത്തിലും സ്വീകരിക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കുക.
പ്രമേഹംമൂലം വൃക്കരോഗം ഉള്ള ആള് ഒരു വൃക്കരോഗ വിദഗ്ധനെ സമീപിക്കേണ്ടതെപ്പോള്‍? പെട്ടെന്ന് ശരീരഭാരം കൂടിയാല്‍, മൂത്രത്തിന്റെ അളവ് കുറഞ്ഞാല്‍, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് തോന്നിയാല്‍.നെഞ്ചുവേദന, രക്തസമ്മര്‍ദം കൂടുക, ഹൃദയമിടിപ്പ് കുറയുകയോ കൂടുകയോ ചെയ്താല്‍. ഇടയ്ക്കിടെയുള്ള പനി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ഛര്‍ദി.വിട്ടുമാറാത്ത പനി, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, മൂത്രത്തിന്റെ ഗന്ധം മാറുക, മൂത്രത്തില്‍ ചോരയുടെ അംശം. ഇന്‍സുലിന്റെയും പ്രമേഹമരുന്നുകളുടെയും ആവശ്യകത കുറയുക. തളര്‍ച്ച, ജന്നി, ക്ഷീണം ഇവ ഏതെങ്കിലും ഉണ്ടായാല്‍.വൃക്കരോഗമുള്ളവര്‍ ആത്മവിശ്വാസം കൈവിടരുത്.
( തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍ ആന്‍ഡ് നെഫ്രോളജി ചീഫാണ് ലേഖകന്‍ )
Wednesday, May 2, 2018
Tuesday, May 1, 2018
വിൽക്കാനുണ്ട് സ്മാരകങ്ങള്‍

1639ല്‍ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് ചെങ്കോട്ട. ഉസ്താത് അഹമ്മദ് ലഹൗരിയാണ് ചെങ്കോട്ടയുടെ ശില്പി. രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന കോട്ടക്ക് ഷാജഹാൻ കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗളന്മാര് വസിച്ചതും ഈ കോട്ടയിലായിരുന്നു. 1857ൽ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാര്‍ ചുവപ്പു കോട്ട പിടിച്ചടക്കും വരെ മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി ചെങ്കോട്ട നിലകൊണ്ടു. 2007ൽ യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ട ഇടം പിടിച്ചിരുന്നു. സ്വതന്ത്രത്തിനുശേഷം എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പതാക ഉയർത്തുന്ന രാജ്യത്തിന്റെ അഭിമാന സ്തംഭമാണ് ചെങ്കോട്ട. നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ചെങ്കോട്ട. അവസാന മുഗള്‍ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറിനെ നാടുകടത്തും മുന്‍പ് വിചാരണയും, ലോകമുറങ്ങുമ്പോള്‍ ഇന്ത്യ സ്വതന്ത്രത്തിലേക്കുണരുന്നുവെന്ന നെഹ്റുവിന്റെ വിഖ്യാതമായ പ്രസംഗവുമൊക്കെ നടന്നത് ഇവിടെയായിരുന്നു. ഈ ചെങ്കോട്ടയാണ് നിക്ഷിപ്ത താൽപര്യങ്ങളുടെ പേരില്‍ കേന്ദ്രസർക്കാര്‍ പാട്ടത്തിന് നൽകിയിരിക്കുന്നത്.
കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതിനു പിന്നിലെ രാഷ്ട്രീയ‐സാമ്പത്തിക താൽപര്യങ്ങള് ഒരേ പോലെ ചർച്ച ചെയ്യേണ്ടതുണ്ട്. ചരിത്രസ്മാരകങ്ങള്‍ ദത്തുനൽകുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാർലമെന്ററികാര്യ സമിതി ഐക്യകണ്ഠേനയായിരുന്നില്ല ഈ തീരുമാനത്തിലെത്തിയത്. പലരും വിയോജിപ്പുകള്‍ പ്രകടമാക്കിയിരുന്നെങ്കിലും മൃഗീയ ഭൂരിപക്ഷത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ഏകപക്ഷീയമായി സർക്കാര്‍ നടപ്പിലാക്കിയ ഈ തീരുമാനം ചരിത്ര നിഷേധവും യുക്തിരഹിതവുമാണ്. എന്തുകൊണ്ട് ചില തെരഞ്ഞെടുക്കപ്പെട്ട സ്മാരകങ്ങളെ മാത്രം ഇങ്ങനെ വിൽപ്പനച്ചരക്കാക്കി വിപണിയിലിറക്കുന്നു എന്നതും ചർച്ചാ വിഷയമാണ്. ഒളിഞ്ഞിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം പുറത്തുവരുന്നത് ഇവിടെയാണ്. രാജ്യത്തിന്റെ ചരിത്രത്തെ ഏകശിലാത്മകമാക്കാന്‍ കഴിഞ്ഞ നാലു വർഷങ്ങളായി അനുസ്യൂതം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ പ്രതിഫലനമായിക്കൂടി ഈ ശ്രമത്തെ കാണണം. ഐസിഎച്ച്ആര്‍, എഎസ്ഐ, എന്‍ബിടി തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ ആർഎസ്എസ് കടന്നുകയറിയത് ബഹുസ്വരതയുടെ ചിഹ്നങ്ങളെ പൂർണമായും വിസ്മൃതിയിലേക്ക് തള്ളി, ഹിന്ദു ചരിത്രത്തെ മാത്രം ഇന്ത്യാ ചരിത്രം എന്ന് അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.
ചില ചരിത്രസ്മാരകങ്ങളോട് കേന്ദ്ര സർക്കാരിനും അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിനുമുള്ള അസഹിഷ്ണുത നേരത്തെ താജ്മഹലിന്റെ കാര്യത്തില്‍ നാം കണ്ടതാണ്. ഹിന്ദുത്വ ചരിത്രകാരനായ പി എന്‍ ഓക്കിന്റെ നിഗമനങ്ങളെ അവലംബിച്ച് താജ് മഹലിനെ തേജോമഹലെന്ന ശിവക്ഷേത്രമാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ കഴിഞ്ഞ നാളുകളിലെ വാർത്തയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസം മാപ്പില്‍ നിന്ന് താജ്മഹലിനെ ബോധപൂർവം ഒഴിവാക്കുന്നതും താജ് മഹലിന് സമീപം യമുനയില്‍ സംഘടിതമായി, ഹിന്ദു ആചാരപ്രകാരം പൂജകള്‍ നടത്തിയതുമെല്ലാം ഒരു പ്രത്യയശാസ്ത്ര താൽപര്യത്തിന്റെ ചുവടുപിടിച്ചാണ്. താജ്മഹലിനെ ബോധപൂർവമായി ഹിന്ദുവൽക്കരിക്കാനാണ് നീക്കം നടന്നതെങ്കില്‍ ഇവിടെ ചെങ്കോട്ടയെന്ന മുഗള്‍ സംഭാവനയെ സ്വകാര്യ കമ്പനിക്ക് നൽകി, തോന്നുംപടി കൈകാര്യം ചെയ്യാന്‍ അനുവാദം നൽകി. ദത്തുനൽകാന്‍ തീരുമാനിച്ച നൂറോളം സ്മാരകങ്ങളിലേറെയും മുഗള്‍ സ്മാരകങ്ങള്‍ കൂടിയാണ്. മുഗള്‍ സംഭാവനയായ ഇത്തരം സ്മാരകങ്ങള്‍ നിലനിന്നാലും ഇല്ലെങ്കിലും തങ്ങളെ ബാധിക്കുന്നതല്ലെന്ന സമീപനമാണ് കേന്ദ്രസർക്കാര്‍ പ്രകടമാക്കുന്നത്. പാട്ടത്തിനു നൽകേണ്ട സ്മാരകങ്ങള്‍ ഏതൊക്കെയെന്ന് പരിഗണിക്കുമ്പോള്‍ മുഗള്‍ നിർമ്മിതികളെ ആദ്യം തെരഞ്ഞെടുത്തതില്‍ പ്രവർത്തിച്ച രാഷ്ട്രീയവും താജ്മഹലിനെ തേജോമഹലാക്കിയ രാഷ്ട്രീയവും ഒന്നു തന്നെ. കേന്ദ്ര സർക്കാര്‍ സ്മാരകങ്ങള്‍ പാട്ടത്തിനു നൽകിയതിനു പിന്നിലെ രാഷ്ട്രീയം ഇതായിരുന്നുവെങ്കില്‍, രാഷ്ട്രീയ താൽപര്യത്തിന്റെ അതേ അളവില്‍ തന്നെ കോർപറേറ്റ് സാമ്പത്തിക താൽപര്യവും ഈ പാട്ടം നൽകല് നീക്കത്തില്‍ ഉള്ളടങ്ങിയിരുന്നു.
ഇസ്ലാമിക പശ്ചാത്തലമുള്ള സ്മാരകങ്ങള്‍ മാത്രമായിരുന്നില്ല കേന്ദ്രസർക്കാര്‍ തീരുമാനത്തിന്റെ ഇരയായത്. കൊണാർക്കിലെ സൂര്യക്ഷേത്രവും ലേലത്തിന് വച്ച സ്മാരകങ്ങളുടെ പട്ടികയിൽപ്പെടുന്നു. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് താൽപര്യങ്ങള് കൂടി പ്രകടമാകുന്നത്. സർക്കാരിനെയും കമ്പനികളെയും സംബന്ധിച്ചിടത്തോളം ചെങ്കോട്ടയും സമാനമായ മറ്റു സ്മാരകങ്ങളും വരുമാനമാർഗം മാത്രമാണ്. സാമൂഹ്യപ്രതിബദ്ധതയോടെ നിർവഹിക്കാനുള്ള ചുമതലകളില്‍ നിന്നൊക്കെ പിൻവാങ്ങുന്ന രീതി എല്ലാ വലതുപക്ഷ ഭരണകൂടങ്ങളുടെയും പൊതുസ്വഭാവമാണ്. പൊതുമേഖലാ സംവിധാനങ്ങളെ പാടെ സ്വകാര്യവൽക്കരിക്കാന് നിർബാധം പരിശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രസ്മാരകങ്ങളോട് പ്രത്യേക മമത വേണ്ട കാര്യമില്ലല്ലോ. ഈ ഒരു ചിന്തയും കോർപറേറ്റ് പ്രീണന സമീപനവും ഒത്തുവന്നതോടെയാണ് സ്മാരകങ്ങൾ കൈമാറുന്ന തീരുമാനത്തിലേക്ക് സർക്കാര്‍ എത്തിച്ചേർന്നത്. ചെങ്കോട്ട എന്നതിനൊപ്പം ഡാൽമിയ എന്ന ബ്രാൻഡ് നെയിം കൂടി ചേർക്കാനുള്ള അനുവാദവും ധാരണാപത്രത്തില്‍ നൽകിയിട്ടുണ്ട്. അതായത് ഭാവിയില്‍ ഷാജഹാന് പണിത ചെങ്കോട്ട എന്നത് മാറി ഡാൽമിയ ചെങ്കോട്ട എന്ന് ഈ ചരിത്ര സ്മാരകം ബ്രാൻഡ് ചെയ്യപ്പെടും. എത്ര പെട്ടെന്നാണ് ചരിത്രപരമായ അടയാളം ബ്രാൻഡിംഗിന് വഴിമാറിയതെന്ന് നോക്കണം. സന്ദർശകരെ കൂട്ടാന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ് കമ്പനികളുടെ ചുമതലയെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞിരുന്നുവെങ്കിലും ചെങ്കോട്ടയെ ഡാൽമിയ ഗ്രൂപ്പ് കണ്ടത് വിപണിയിലെ ഉൽപ്പന്നം മാത്രമായിട്ടാണ്. ഇത് തെളിയിക്കുന്നതാണ് ഡാൽമിയ ഗ്രൂപ്പ് സിഇഒ മഹേന്ദ്ര സിംഗിയുടെ പ്രസ്താവന. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കും പ്രവർത്തനങ്ങള്‍ എന്നാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടശേഷം സിംഗി പറഞ്ഞത്. ചെങ്കോട്ട എഎസ്ഐയില്‍ നിന്നും ഡാൽമിയയിലേക്കെത്തുമ്പോള് സന്ദര്‍ശകർ ‘ഉപഭോക്താവായി’ മാറിയിരിക്കുന്നു. ചെങ്കോട്ട ഒരു ഉൽപ്പന്നവും! സന്ദർശകര്‍ ഞങ്ങൾക്ക് ഉപഭോക്താവാണെന്ന് പ്രഖ്യാപിക്കുന്ന, ലാഭേച്ഛ മാത്രം മുഖമുദ്രയായ ഒരു കോർപറേറ്റ് കമ്പനിയില്‍ നിന്നും സാമൂഹ്യപ്രതിബദ്ധത പ്രതീക്ഷിക്കേണ്ടതുണ്ടോ.
ചരിത്രത്തോട് യാതൊരു ആഭിമുഖ്യവും ആവേശവുമില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ ഇത്തരം കൈയൊഴിയല്‍ മനോഭാവം പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താജ്മഹലിന് വേണ്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയ ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ഈ വിറ്റഴിക്കല്‍ മേളയില്‍ സ്വീകരിച്ച മനോഭാവം ചരിത്രബോധമുള്ള തലമുറയ്ക്ക് വേണ്ടി അവരിൽ നിക്ഷിപ്തമായ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോടല്‍ കൂടിയാണ്.
ഒരു ദേശത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും നാഭീനാളം പോലെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആ നാട്ടിലെ സ്മാരകങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജനതയുടെ അടയാളപ്പെടുത്തല്‍ സാധ്യമാക്കുന്നതാണ് ആ നാട്ടിലെ സ്മാരകങ്ങള്‍. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സർവതലങ്ങളുടെയും പ്രാരംഭം മുതല്‍ വളർച്ച, പരിണാമ ഘട്ടങ്ങളിലൂടെ വർത്തമാനകാലത്തിലെത്തി നിൽക്കുന്ന ചരിത്രത്തെയാണ് ഇത്തരം സ്മാരകങ്ങള്‍ അടയാളപ്പെടുത്തുന്നത്. മുകളില്‍ പരാമർശിച്ച മേഖലകളിലൊക്കെയും തനിമയും വ്യക്തിത്വവും പുലർത്തുന്ന നിരവധി സ്മാരകങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. ഇന്നലെകളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അവശേഷിപ്പുകളായ ഇത്തരം സ്മാരകങ്ങളിലേക്കുള്ള എത്തിനോട്ടമെന്നത് നൂറ്റാണ്ടുകളിലേക്കുള്ള തിരികെപോക്കാണ്. ഇനിയൊരു തലമുറയ്ക്ക് ചരിത്രത്തിലേക്ക് എത്തിനോക്കാന്‍ അംബാനിമാരുടെയും ഡാൽമിയമാരുടെയും അനുമതിപത്രത്തിന് വേണ്ടി കാത്തിരിക്കേണ്ട ഗതികേടിലേക്ക് നാടിനെ എത്തിച്ചതില്‍ കേന്ദ്രസർക്കാരിന് ഇന്നലെകൾക്കും നാളേക്കും മുന്നില്‍ തലകുനിക്കാം. ഒരു ദേശത്തിന്റെ ചരിത്രമെന്നാൽ ഒരു ജനതയുടെ ചരിത്രം എന്ന് കൂടിയാണ്. അധികാരങ്ങളുടെയും ആഘോഷത്തിന്റെയും മാത്രമല്ല. അദ്ധ്വാനത്തിന്റെയും ആഗ്രഹങ്ങളുടെയും ആത്മബോധത്തിന്റെയുമൊക്കെയാണ്. കോർപറേറ്റുകൾക്ക് ചില്ലിട്ട് പ്രദർശിപ്പിക്കാനുള്ളതല്ല ആ ചരിത്രം. അവർക്കെതിരായ ജാഗ്രതയുടെ കേന്ദ്രങ്ങളാകണം അവ. നിർഭാഗ്യവശാൽ ഇപ്പോൾ നടക്കുന്നത് ആരെയാണോ ചരിത്രം ഭയപ്പെടുത്തുന്നത് അവർ തന്നെ അതിനെ വിലക്ക് വാങ്ങുന്നുവെന്നതാണ്.
കടപ്പാട് :ദേശാഭിമാനി
Subscribe to:
Posts (Atom)